Sunday, July 6, 2008

ഒരു വിളിച്ചു ചൊല്ലി പ്രായശ്ചിത്തം.( കവിത )

വേനൽപ്പകലിന്റെ ചാരത്തിനും
പുകയുന്ന രാവിൻ കനലിനുമിടയിൽ
മൗനം ചുട്ടുപഴുക്കുന്നു..,
പാതിവെന്ത മനസ്സിന്റെ
മൂടിയൂരിയ ചിമിഴിൽ
ഉഷസ്സിന്റെ ക്യൂട്ടെൿസിട്ട നഖങ്ങൾ
സുഖക്ഷതമേൽപ്പിക്കുമ്പോൾ
ജ്യേഷ്ഠസോദരന്റെ ചങ്ങലയ്ക്കിട്ട നിലവിളി
എന്റെ തൊണ്ടയിലെ മീൻ മുള്ളാണ്.
ദർപ്പണത്തിൽ ഉറയൂരുന്ന
എന്റെ സുന്ദരവദനത്തിനു പിൻപേ
കൂടപ്പിറപ്പുകളുടെ പട്ടിണിജാഥ കടന്നു പോകുന്നു...
എരിയുന്ന മെഴുകുതിരികളുടെ
മിഴികൾ പൊത്തുമ്പോൾ
മോക്ഷം തേടി ബലിക്കാകൻ കണ്ണുകൾ
തുറിച്ചു നോക്കുന്നു.
ചാരിത്ര്യം പൊട്ടിത്തെറിച്ചു
ദുർമ്മരണമടഞ്ഞ വാർത്തകൾ
കാതുകളിൽ ഈയമുരുക്കുന്നു.
കമഴ്ത്തിയിട്ട ഗ്ലൂക്കോസ്‌-രക്തക്കുപ്പികൾ നോക്കി
എന്റെ അരുമക്കിടാങ്ങൾ
ഓക്സിജൻ സിലിണ്ടറിലൂടെ
ഊർദ്ധൻ വലിക്കുമ്പോൾ
ഈ മരണം പൂക്കുന്ന രാത്രിയിൽ
ബോധിവൃക്ഷത്തണലിൽ മലർന്നു കിടന്നു
ഞാൻ നക്ഷത്രമെണ്ണുന്നു.
എന്റെ വൈദ്യൻ
വിശപ്പു തിന്ന്‌ അജീർണ്ണം വന്ന എല്ലിൻ കൂടിനു്
തൂക്കം നോക്കി മരുന്നുകുറിക്കുന്നു
കവറുകൾ പൊട്ടിച്ച്‌ നോട്ടുകളെണ്ണി
ആയുസ്സ്‌ കുറിക്കുന്നു
നിലാവിന്റെ മഞ്ഞത്തഴപ്പായ മൂടിയ
ഈ രാവിനു് അകലത്തെങ്ങോ
കാലൻ കോഴി കൂദാശ ചൊല്ലുന്നു...

ആൽബം

ആൽബം

ഇത്‌ അച്ഛൻ നട്ട മരം
ആര്യവേപ്പ്‌
എരിവേനലിൽ ഇലച്ചാർത്തണിഞ്ഞും
തോരാമഴയിൽ ഇലകളൊഴിച്ചും
മുറ്റം നിറഞ്ഞു പന്തലിച്ച മരം
പൊള്ളിപ്പഴുക്കും തിണർപ്പുകളിൽ
സ്വാന്ത്വന സ്പർ ശമായ്‌
ആയിരം കൈകൾ നീട്ടിയതീ മരം
കൊടിയ കയ്പിൻ ജീവജലം
വാറ്റിയെടുത്തെനിക്കു
വ്യാധികളിൽ സിദ്ധൗഷധമായ
മഹാവൃക്ഷം.
ദുരിതമാരിതൻ കാവുകളിൽ
ബാധയകറ്റാനീ മരം.
ഇതെന്റെ താതന്റെ നേർച്ചിത്രം.

അടുക്കള മുറ്റത്തെ പുളിമരം
ചാരെ നിൽക്കുവതമ്മ
പുളിയും മധുരവും
ഇടകലർന്നൊരാ രസാനുഭൂതി
ഒത്തിരി തണുപ്പും ഇത്തിരി വട്ടത്തിലെ
ഊഞ്ഞാലേറ്റങ്ങളും അച്ചുകുത്തിക്കളികളും
ആ തണലിലെ ഉച്ചമയക്കങ്ങളും
സ്വപ്നാടനങ്ങളും.
ബാല്യകൗമാരങ്ങളിൽ
മുന കൂർത്ത കോമ്പസ്സുകൊണ്ടു
കോറിയിട്ട ചപല സ്വപ്നങ്ങളുടെ
വടുക്കൾ പേറുന്നൊരാ പുളിമരം
ഇനിയെത്ര നാൾ......?

എന്റെയും മക്കളുടെയും
ഉടലിൻ ഉള്ളിമണം പേറും
മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ച്‌
അയയിൽ വിരിയ്ക്കയാണിവൾ, എന്റെ ഭാര്യ
ഒടുവിൽ
അഴുക്കും മെഴുക്കും പുരണ്ട
ഈർഷ്യയാൽ കരിമ്പനടിച്ച
തോർത്തായായവൾ സ്വയം
ഉണങ്ങാനായ്‌ വിരിച്ചിടുന്ന കാഴ്ച.

ഇനിയൊരു വർണ്ണചിത്രം.
യൗവനത്തിൻ ഉടലറിവുകളുമായ്‌
ചാനലുകളിൽ, തെരുവോര ദൃശ്യങ്ങളിൽ
സപ്തവർണ്ണക്കാഴ്ചയായ്‌ ആടുന്നവൾ
ഇവളെന്റെ പ്രിയപുത്രി.
കാഴ്ചകളിൽ കറുപ്പും വെളുപ്പും
തിരിച്ചറിയാനാവില്ല
ഇവൾക്കെന്നത്‌ എന്റെ ദുഃഖം.
കണ്ടൊ, ഇവന്റെ കണ്ണുകളിൽ
മോഹങ്ങളുടെ മോട്ടോർവേഗങ്ങൾ
ലഹരിതൻ നഖപ്പാടുകൾ
പച്ചകുത്തിയ കൈത്തണ്ടകൾ
എനിക്ക്‌ ഇവനെയും
ഇവന്‌ എന്നെയും തിരിച്ചറിയുവാനാകുന്നില്ല.

ഇതെല്ലാം ചേർത്തുവച്ച
കുടുംബഫോട്ടോയിൽ നിന്ന്
ഞാൻ എന്നെ വെട്ടി മാറ്റുന്നു,
ആൽബമടയ്ക്കുന്നു.